ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ രാജിവച്ചു, തീരുമാനം സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ശേഷം

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ രാജിവച്ചു. ഇന്ന് വൈകിട്ട് നടന്ന മന്ത്രിസഭാസമ്മേളനത്തിന് ശേഷമായിരുന്നു രാജി സംബന്ധിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഗോതബായ രജപക്സെ പ്രസിഡന്റായി അധികാരമേറ്റ പശ്ചാത്തലത്തിലാണ് റനില്‍ വിക്രമ സിംഗെ രാജിക്ക് ഒരുങ്ങിയത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു രാജിക്കാര്യം അദ്ദേഹം പറഞ്ഞത്.

2020 മാര്‍ച്ച് 1 ന് നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതു വരെ താല്‍ക്കാലിക മന്ത്രിസഭ രൂപീകരിക്കാനാണ് രജപക്സെയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ പിന്തുണച്ച പാര്‍ട്ടി നേതാക്കള്‍ക്കാകും പുതിയ 15 അംഗ മന്ത്രിസഭയില്‍ മുന്‍ഗണന ലഭിക്കുക.

നവംബര്‍ 16 ന് നടന്ന ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് 70 കാരനായ ഗോതബായ രജപക്സെ അധികാരത്തിലേറിയത്. ഗോതബായയ്ക്ക് 52.25 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സജിത്തിന് 41.99 ശതമാനം വോട്ടാണ് ലഭിച്ചത്. അനുരാധപുരയിലെ റുവാന്‍വേലി സേയയില്‍ ആയിരുന്നു ഗോതബായയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

രജപക്സെ കുടുംബത്തില്‍ നിന്ന് അധികാരത്തിലെത്തുന്ന രണ്ടാമത്തെ ആളാണ് ഗോതബായ. ഗോതബായയുടെ സഹോദരനായ മഹിന്ദ രജപക്സെ ആയിരുന്നു 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ശ്രീലങ്കയുടെ പ്രസിഡന്റ്.

Top