ശ്രീലങ്കന്‍ താരങ്ങള്‍ ബയോ സെക്യുര്‍ ബബിള്‍ ലംഘിച്ചതായി ആരോപണം

ഡര്‍ഹാം: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് കളിക്കാര്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ബയോ സെക്യുര്‍ ബബ്ബിള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ലയും ടീമിന്റെ ബയോ സെക്യുര്‍ ബബ്ബിളില്‍ നിന്ന് പുറത്തുകടന്ന് ലണ്ടനിലെ മാര്‍ക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കന്‍ ടീം. നാളെ ഡര്‍ഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാര്‍ഡിഫിലാണ് ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കന്‍ താരങ്ങള്‍ക്ക് പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഡര്‍ഹാമില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കളിക്കാര്‍ക്ക് ടീം ഹോട്ടല്‍ വിട്ട് പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നില്ല. കുശാല്‍ മെന്‍ഡിസിനും ഡിക്വവല്ലക്കുമൊപ്പം മൂന്നാമതൊരു കളിക്കാരന്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം സ്ഥിരീകരിച്ചാല്‍ ഇരു താരങ്ങളെയും രണ്ടാഴ്ചത്തേക്ക് ഐസോലേഷനില്‍ വിടും. പ്രോട്ടോക്കോള്‍ ലംഘനത്തിന് പിഴയും ഒടുക്കേണ്ടിവരും.

കളിക്കാരുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മാനേജര്‍ മനുജ കരിയപ്പെരുമ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘനം സ്ഥിരീകരിച്ചാല്‍ ഇരു താരങ്ങള്‍ക്കും ഏകദിന പരമ്പര നഷ്ടമാവും. ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കന്‍ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം.

 

 

Top