ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; രാജപക്‌സെ കുടുംബത്തിന് മികച്ച ഭൂരിപക്ഷം

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജപക്സെ കുടുംബത്തിന് വമ്പിച്ച ഭൂരിപക്ഷം. ഇവര്‍ നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി.) മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്.എല്‍.പി.പി. വിജയിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ പ്രഖ്യാപിച്ചു. ഗോതാബയ രാജപക്സെയുടെ സഹോദരനും കാവല്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെ ഇതോടെ പദവിയില്‍ ഔദ്യോഗികമായി തുടരും.

225-ല്‍ 145 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എസ്.എല്‍.പി.പി. അധികാരത്തിലേറുന്നത്. ഇവരുടെ സഖ്യകക്ഷികള്‍ക്കും അഞ്ചു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 2005 മുതല്‍ 2015 വരെ മഹീന്ദ രാജപക്സെ ആയിരുന്നു പ്രസിഡന്റ്.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എല്‍.പി.പി. സ്ഥാപകനും ദേശീയ സംഘാടകനുമായ ബേസില്‍ രാജപക്സെ പറഞ്ഞു. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും സഹോദരനാണ് ബേസില്‍.

പ്രസിഡന്റ് ഗോതാബയ രാജപക്സെ ലക്ഷമിട്ടത് പോലെ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു. അത്രയും ഭൂരിപക്ഷമുണ്ടെങ്കിലേ 2015-ല്‍ ഭരണഘടനാഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങള്‍ അദ്ദേഹത്തിന് പുനഃസ്ഥാപിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.

Top