Sri Lankan navy arrests 20 Indian fishermen

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ നാവികസേന വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള 20 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക അറസ്റ്റ് ചെയ്തത്.

ഇവരില്‍ 11 പേര്‍ രാമേശ്വരത്ത് നിന്നും മറ്റുള്ളവര്‍ ജഗദപട്ടണത്ത് നിന്നും പുതുക്കോട്ടെയില്‍ നിന്നുമുള്ളവരാണ്. ഇവരെ വടക്കന്‍ ലങ്കയിലെ കങ്കസാന്തുറെ നാവികത്താവളത്തിലേയ്ക്ക് കൊണ്ടുപോയി. ഇവരുടെ നാല് ബോട്ടുകള്‍ ശ്രീലങ്കന്‍ നേവി പിടിച്ചെടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ കച്ചിതീവിന് സമീപമാണ് അറസ്റ്റ് ചെയ്തത്. അതേ സമയം മറ്റുള്ളവരെ ലങ്കന്‍ തീരത്തിനടുത്ത് വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ശ്രീലങ്കന്‍ നാവികസേന അറിയിച്ചത്.

കച്ചിത്തീവിനടുത്ത് ഒരു മത്സ്യബന്ധന ബോട്ട് മുങ്ങുകയും അതിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷിച്ചതായും ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top