ശ്രീലങ്കന്‍ സ്‌ഫോടനം: കൊച്ചിയില്‍ ഭീകരാക്രമണ സാധ്യത, സുരക്ഷാ മുന്നറിയിപ്പ്

കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. താമസക്കാരെ കുറിച്ച് ദിവസവും വിവരം നല്‍കണം എന്നും പൊലീസ് വ്യക്തമാക്കി. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളില്‍ റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ പറഞ്ഞു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയുമായി ആശയപരമായി യോജിപ്പുള്ളവരെയാണ് ചോദ്യം ചെയ്തത്.

ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍ഗോഡ് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, കൂഡ്‌ലു കാളംകാവിലെ അഹമ്മദ് അറാഫത്ത്, പാലക്കാട് മുതലമടല ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്നിവരെയാണ് എന്‍ ഐ എ ചോദ്യം ചെയ്തത്. ഇതില്‍ അബൂബക്കറിനോടും അഹമ്മദ് അറാഫത്തിനോടും ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ ഐ എ നിര്‍ദേശം നല്‍കിയിരുന്നു. റിയാസിനെ കസ്റ്റഡിയിലും എടുത്തു.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിം പലതവണ കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയിരുന്നെന്ന് എന്‍ ഐ എക്ക് ബോധ്യമായിട്ടുണ്ട്. കേരളത്തില്‍ എവിടെയെല്ലാം ഇയാള്‍ പോയെന്ന കാര്യത്തിലും എന്‍ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആ സമയത്ത് ആരെയൊക്കെ കണ്ടു, ഏതെങ്കിലും ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടോ, ഏതൊക്കെ പരിപാടികളാണ് നടത്തിയത് എന്ന കാര്യവും എന്‍ ഐ എ പരിശോധിക്കും. ഇതിനു വേണ്ടിക്കൂടിയാണ് ഞായറാഴ്ച ചോദ്യം ചെയ്തവരോട് നേരിട്ട് ഹാജരാകാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്.

Top