ലക്ഷദ്വീപിലെ മിനിക്കോയിൽ ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ

മിനിക്കോയിൽ: ലക്ഷദ്വീപിലെ മിനിക്കോയിൽ കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ബോട്ടുകളിൽ ഒന്നിൽ വൻ ലഹരിമരുന്ന് ശേഖരം ഉണ്ടായിരുന്നതായും ഇവ കടലിൽ എറിഞ്ഞതായും ക്യാപ്റ്റൻ കോസ്റ്റ് ഗാർഡിനോട് സമ്മതിച്ചു. വിശദമായ പരിശോധനയ്ക്കായി ബോട്ടുകൾ വിഴിഞ്ഞം തീരത്തടുപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് മിനികോയ് ഭാഗത്ത് കോസ്റ്റ് ഗാർഡ് കപ്പലായ വരാഹയുടെ പട്രോളിംഗിനിടെ ദുരൂഹ സാഹചര്യത്തിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തുന്നത്. പരിശോധനയിൽ ശ്രീലങ്കൻ ബോട്ടുകളായ അക്ഷര ദുവ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു.

ബോട്ടുകളിൽ പത്തൊൻപത് പേരുണ്ടായിരുന്നു.ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും അക്ഷരദുവയിൽ ഉണ്ടായിരുന്നുവെന്നും ഇത് കടലിൽ എറിഞ്ഞെന്നും ക്യാപ്റ്റൻ സമ്മതിച്ചത്. പാകിസ്താനിൽ നിന്ന് കടത്തിയ 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും അടങ്ങിയ 5 പാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി.

Top