സ്കോട്ലൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് വിജയം

സ്കോട്ലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ശ്രീല‌ങ്കയ്ക്ക് 35 റൺസ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ശ്രീല‌ങ്ക‌ നിശ്ചിത 50 ഓവറിൽ 322/8 എന്ന മികച്ച സ്കോർ നേടിയിരുന്നു. സ്കോട്ലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ മഴയെത്തിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അവരുടെ വിജയ ലക്ഷ്യം 34 ഓവറിൽ 235 റൺസായി പുനർനിശ്ചയിച്ചു. പക്ഷേ കൃത്യതയോടെ പന്തെറിഞ്ഞ ലങ്കൻ ബോളർമാർ എതിരാളികളെ 199 റൺസിൽ പുറത്താക്കുകയായിരുന്നു. 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത നുവാൻ പ്രദീപാണ് ലങ്കൻ ബോളിംഗിലെ താരം.

നേരത്തെ എഡിൻബർഗിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ സ്കോട്ലൻഡ്, ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ ആവിഷ്ക ഫെർണാണ്ടോയും, ദിമുത് കരുണരത്നെയും ചേർന്ന് 123 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.‌ 78 പന്തുകളിൽ 5 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 74 റൺസെടുത്ത ആവിഷ്ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്. പിന്നാലെ വന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസും തകർത്തടിച്ചതോടെ ശ്രീലങ്കൻ സ്കോർ കുതിച്ചുകയറി. നായകൻ ദിമുത് കരുണരത്നെ 77 റൺസെടുത്തപ്പോൾ, കുശാൽ മെൻഡിസ് 66 റൺസടിച്ചു. അവസാന ഓവറുകളിൽ 44 റൺസെടുത്ത് പുറത്താകാതെ‌ നിന്ന ലാഹിരു തിരിമാനെയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് വേണ്ടി ഓപ്പണർമാരായ മാത്യൂ ക്രോസും (55 റൺസ്), കൈൽ കോട്സറും (34 റൺസ്) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്‌. ഇതിനിടയിൽ മഴയെത്തിയതോടെ സ്കോട്ലൻഡിന്റെ വിജയലക്ഷ്യം 34 ഓവറിൽ 235 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. 42 പന്തിൽ 61 റൺസെടുത്ത ജോർജ് മൻസി ആഞ്ഞടിച്ചെങ്കിലും പിന്തുണ നൽകാൻ മറ്റാരുമുണ്ടായില്ല. 4 വിക്കറ്റെടുത്ത നുവാൻ പ്രദീപിന്റെ നേതൃത്വത്തിൽ ലങ്കൻ ബോളർമാർ ആഞ്ഞടിച്ചതോടെ 199 റൺസിൽ സ്കോട്ലൻഡ് വീണു.

Top