ശ്രീലങ്കന്‍ സ്‌ഫോടനം: മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത്

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്.ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.76 പേരാണ് കസ്റ്റഡിയിലുള്ളത്. നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ചാവേറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ അതികൃതര്‍ പുറത്തു വിട്ടിരുന്നു. ചാവേറുകളില്‍ രണ്ട് യുവാക്കള്‍ അതി സമ്പന്ന കുടുംമ്പത്തിലെ അംഗങ്ങള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ എട്ട്‌പേരില്‍ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടര്‍ന്ന് പിടിക്കപ്പെടുംമെന്ന് ഉറപ്പായതോടെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ചു. ഗര്‍ഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ചാവേറുകളായ സഹോദരന്മാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്പന്നനും സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്..

അതേസമയം, ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തേ 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.

Top