ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി; എതിര്‍ത്തത് അഞ്ച് അംഗങ്ങള്‍ മാത്രം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാർലമെന്റ് പാസാക്കി. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയിൽ 115 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങൾ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്.

ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓൾ സിലോൺ തമിഴ് കോൺഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഇതിനെ മറികടക്കാൻ ഐഎംഎഫിൽ നിന്നും 2.9 ബില്യൺ യു എസ് ഡോളർ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ദുർബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുൾപ്പെടെയാണ് ബജറ്റിൽ പറയുന്നത്.

Top