ബൗളിങ് ആക്ഷന്‍ അതിരു കടന്നു; അഖില ധനഞ്ജയക്ക് ഐസിസിയുടെ വിലക്ക്

കൊളംബോ: ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയക്ക് ഐസിസിയുടെ വിലക്ക്. അനുവദനീയമായ രീതിയില്‍ നിന്ന് വ്യത്യസ്തമായ ബൗളിങ് ആക്ഷന്റെ പേരിലാണ് താരത്തിനെതിരായ ഐസിസിയുടെ നടപടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ധനഞ്ജയയെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി തിങ്കളാഴ്ചയാണ് ഐസിസിയുടെ നടപടി വന്നത്.

അനുവദിച്ച 15 ഡിഗ്രിയേക്കാള്‍ വളച്ചാണ് ധനഞ്ജയ പന്തെറിയുന്നത്. ഐസിസിയുടെ നടപടി വന്നതിനാല്‍ നാഷണല്‍ ക്രിക്കറ്റ് ഫെഡറേഷനും താരത്തെ ആഭ്യന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലാണ് ധനഞ്ജയക്കെതിരേ പരാതി ലഭിച്ചത്. ധനഞ്ജയയുടെ ബൗളിഗ് ആക്ഷനെതിരെ മാച്ച് ഒഫീഷ്യലുകളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നില്‍ വെച്ച് ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ പരിശോധിച്ചിരുന്നു. ഇതിലാണ് താരത്തിന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.

Top