ശ്രീലങ്കയുടെ പരിഷ്‌കരിച്ച പുതിയ മാപ്പ് ഇന്ന് പുറത്തിറങ്ങും

ശ്രീലങ്ക: ശ്രീലങ്കയുടെ പരിഷ്‌കരിച്ച പുതിയ മാപ്പ് ഇന്ന് പുറത്തിറങ്ങും. കൊളംബോ തുറമുഖ നഗരത്തിന്റെ രണ്ട് ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരിച്ച മാപ്പുകളാണ് ഇന്ന് പുറത്തിറക്കുന്നത്. ലാന്‍ഡ് ആന്‍ഡ് ലാന്‍ഡ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സര്‍വേയിങ് ആന്‍ഡ് മാപ്പിംഗ് ഓര്‍ഗനൈസേഷന്‍ 18 വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ ഭൂമിശാസ്ത്ര ഭൂപടത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി ശ്രീലങ്ക സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് (എസ്.എല്‍.എസ്.ഡി) അറിയിച്ചു.

കൊളംബോ നഗരത്തിന് ചേര്‍ന്നുകിടക്കുന്ന ഭൂമി പ്രദര്‍ശിപ്പിക്കുന്ന ഭൂപടത്തിന്റെ ഡിജിറ്റല്‍ പതിപ്പ്‌ പുറത്തിറങ്ങുമെന്ന് ശ്രീലങ്കന്‍ സര്‍വേ ജനറല്‍ പി.എം.പി. ഉദയകന്ത പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ കൊണ്ട് ശ്രീലങ്കയില്‍ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ പല സ്ഥലങ്ങളിലുമുണ്ട്. 1: 500 അനുപാതത്തില്‍ നിര്‍മിക്കുന്ന പുതിയ ഭൂപടത്തില്‍ മൊറാഗഹാണ്ട റിസര്‍വോയര്‍, വിവിധ പദ്ധതികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഡിജിറ്റല്‍ മാപ്പുകള്‍ ലഭ്യമാകുന്നതിനോടോപ്പം, ജൂണ്‍ മധ്യത്തോടെ അച്ചടിച്ച ഭൂപടത്തിന്റെ പകര്‍പ്പുകളും ലഭ്യമാകാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

Top