ശ്രീലങ്കയില്‍ മൈത്രിപാല സിരിസേനയുടെ പിന്‍ഗാമി ഇനി ഗോതാബായ രാജപക്സെ

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടാകും.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നത് . മഹിന്ദ രാജപക്ഷയ്‌ക്കൊപ്പം തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതില്‍ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി 1.59 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Top