ശ്രീലങ്കന്‍ സ്ഫോടന പരമ്പര : പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജിവച്ചു

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജിവച്ചു. ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

ആക്രമണം നടത്തിയേക്കുമെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയിട്ടും തടയാന്‍ സാധിക്കാതിരുന്നത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയായാണ് കണക്കാക്കുന്നത്. മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്.

ഇതിനിടെ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെ വ്യക്തമായ സൂചന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌ഫോടനം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ ഭീകരന്റെ പേര് സഹിതം മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് വിവരം.

അതേസമയം സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ എട്ട്പേരില്‍ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Top