താരങ്ങള്‍ക്ക് ചുമത്തിയിരുന്ന വിലക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു

കൊളംബോ: ശ്രീലങ്കന്‍ താരങ്ങളായ ധനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരന്ന വിലക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോവുകയും തെരുവുകളില്‍ കറങ്ങി നടക്കുകയും ചെയ്തതിനായിരുന്നു വിലക്ക്. പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ബയോ ബബ്ബിള്‍ ലംഘനത്തിന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഒരു കോടി ശ്രീലങ്കന്‍ രൂപ പിഴയുമാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതി ശിക്ഷിച്ചത്.

മുന്‍ ജഡ്ജി അധ്യക്ഷനായ അച്ചടക്ക സമിതി മെന്‍ഡിസിനെയും ഗുണതിലകയെയും രണ്ടുവര്‍ഷത്തേക്കും ഡിക്വെല്ലയെ ഒന്നരവര്‍ഷത്തേക്കും വിലക്കാനാണ് ശുപാര്‍ശ ചെയ്തതെങ്കിലും ബോര്‍ഡ് വിലക്ക് ഒരു വര്‍ഷത്തേക്കായി ചുരുക്കുകയായിരുന്നു. പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ആറു മാസ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ടീമിനെയൊന്നാകെ അപകടത്തില്‍പ്പെടുത്തുന്നവിധം പ്രവര്‍ത്തിച്ചു, ടീം അംഗങ്ങള്‍ ഹോട്ടല്‍ വിട്ടുപോകരുതെന്ന നിര്‍ദേശം ലംഘിച്ചു, രാജ്യത്തിനും ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടുണ്ടാക്കി എന്നീ കുറ്റങ്ങളാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.

മെന്‍ഡിസും ഡിക്വെല്ലയെയും ലണ്ടനിലെ മാര്‍ക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂമഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലകയില്ല.

Top