യുദ്ധകാലത്ത് കാണാതായ 20000 തമിഴ് വംശജര്‍ മരിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: 2009ല്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ കാണാതായ 20000 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ശ്രീലങ്ക. യുഎന്‍ റസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഹാനാ സിംഗറുമായി നടത്തിയ സംഭാഷണത്തിലാണ് കാണാതായ തമിഴ് വംശജര്‍ മരിച്ചതായി പ്രസിഡന്റ് ഗോതബായെ രാജപക്‌സെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

യുഎന്‍ പ്രതിനിധിയുമായി കൊളംബോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മരണസര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇവരില്‍ പലരെയും തമിഴ്പുലികള്‍ ബലമായി തങ്ങളുടെ അണികളില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ് വംശജര്‍ക്ക് നേരെ ശ്രീലങ്കന്‍ സൈന്യം മനുഷ്യത്വ രഹിതമായി പെരുമാറിയെന്നും കൂട്ടക്കൊല നടത്തിയെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിട്ടാണ് ശ്രീലങ്കയിലെ സംഭവം യുഎന്‍ വിലയിരുത്തുന്നത്.

2009ല്‍ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര യുദ്ധം അവസാനിച്ചത്.ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷവും നിരവധി തമിഴ് മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും കാണാതായിട്ടുണ്ട്. ആഭ്യന്തര യുദ്ധകാലത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബായെ രാജപക്‌സെ.

Top