ലങ്കയുടെ ഏറില്‍ വീണ് ഇന്ത്യ ; കൊല്‍ക്കത്തയില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ച

കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കനത്ത ബാറ്റിംഗ് തകര്‍ച്ച.

മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനം 12 ഓവര്‍ മാത്രം കളി നടന്നപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്ത് തകര്‍ച്ച നേരിടുകയാണ്.

എട്ടു റണ്‍സുമായി പൂജാരയും റണ്‍സൊന്നുമെടുക്കാതെ അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.

പേസ് ബൗളിംഗിനെ സഹായിക്കുന്ന പിച്ചില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇടക്കിടെ പെയ്ത മഴമൂലം ഉച്ചയ്ക്കുശേഷമാണ് മത്സരം തുടങ്ങിയത്.

ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായി.

പിന്നാലെ ഇറങ്ങിയ ശിഖര്‍ ധവാനും11 പന്തുകളില്‍ 8 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 11 പന്തുകള്‍ അതിജീവിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

ഇന്ത്യയുടെ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് ലങ്കന്‍ പേസര്‍ ലക്മലായിരുന്നു. ആറോവര്‍ എറിഞ്ഞ ലക്മല്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

അതേസമയം, കൊഹ്‌ലി പുറത്തായതിന് പിന്നാലെ മോശം വെളിച്ചത്തെ തുടര്‍ന്ന് കളി വീണ്ടും തടസപ്പെട്ടിരിക്കുകയാണ്.

Top