ശ്രീലങ്കയിലെ സ്‌ഫോടനം: ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് സര്‍ക്കാര്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പര ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍. കഴിഞ്ഞ മാസം ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.ആഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആള്‍നാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ മരിച്ചതോടെ മരണസംഖ്യ 310 ആയി. ചൊവ്വാഴ്ച രാവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി രാജ്യം മൂന്നു മിനിട്ട് മൗനപ്രാര്‍ഥന നടത്തിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ദേശീയ പതാക പാതി താഴ്ത്തി കെട്ടി. ആദ്യ സ്‌ഫോടനമുണ്ടായ 8.30നാണ് പ്രാര്‍ഥന തുടങ്ങിയത്.

Top