തൗഹീദ് ജമാഅത്തുമായി ബന്ധം; 65ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍

nia

ചെന്നൈ: തൗഹീത് ജമാഅത്തിന് വേരുകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ നടത്തുന്ന റെയ്ഡ് തുടരുന്നു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നതിനെ തുടര്‍ന്ന് സ്‌ഫോടനവുമായി പങ്കുണ്ടെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുത്ത റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തുന്നത്.

തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 65ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. റെയ്ഡില്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മലയാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നടന്ന റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്യുകയാണ്.

കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തിയിരുന്നവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

Top