Sreesanth failed in Thiruvananthapuram central

തിരുവനന്തപുരം : കൊട്ടിഘോഷിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ ശ്രീശാന്തിന് തലസ്ഥാനത്ത് കനത്ത തോല്‍വി.

വിജയം മാത്രം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ മാതൃക സ്വീകരിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനാണ് ശ്രീശാന്തിന് വിജയിക്കാന്‍ സാധിക്കാതിരുന്നത് കനത്ത തിരിച്ചടിയായത്. തിരുവനന്തപുരം സെന്‍ട്രലില്‍ മൂന്നാം സ്ഥാനത്തേക്കാണ് ശ്രീശാന്ത് തള്ളപ്പെട്ടത്.

വാതുവെപ്പ് സംഭവത്തില്‍ ശ്രീശാന്ത് അറസ്റ്റിലായ കാര്യം ചൂണ്ടിക്കാട്ടി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ചെറുക്കുന്നതില്‍ ബിജെപി നേതൃത്വവും പരാജയപ്പെട്ടു. ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത പ്രതിഷേധമാണ് അണികള്‍ക്കുണ്ടായിരുന്നത്.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെ തലസ്ഥാനത്ത് മത്സരിപ്പിക്കണമെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്നത്.

എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഏകപക്ഷീയമായിരുന്ന ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനമുണ്ടായത്. പ്രബുദ്ധരായ വോട്ടര്‍മാരുള്ള കേരളത്തില്‍ ഒരു ക്രിക്കറ്ററെ വിജയിപ്പിക്കുക എന്നത് നടക്കാത്ത കാര്യമാണെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകരും തുടക്കത്തില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു.

സംഘ്പരിവാറിന് ശക്തമായ സംഘടനാ സംവിധാനമുള്ള തലസ്ഥാ ജില്ലയില്‍ നേമം മണ്ഡലത്തില്‍ ഒ.രാജഗോപാലിന് വിജയിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ബി.ജെ.പി ക്ക് ഇപ്പോള്‍ ആശ്വാസകരം.

താഷ്ട്രീയത്തില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് തെറിച്ചതിനാല്‍ ഇനിയുമൊരു ഇന്നിങ്‌സിന് ശ്രീശാന്തിന് അവസരം ലഭിക്കുമോ എന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്.

Top