ന്യൂയോർക്ക് മാസ്റ്റേഴ്സ് ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ മോറിസ്‍വില്ല യുണിറ്റിക്കായി അരങ്ങേറി ശ്രീശാന്ത്

ലോഡർഹിൽ : ന്യൂയോർക്ക് മാസ്റ്റേഴ്സ് ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ മോറിസ്‍വില്ല യുണിറ്റി ടീമിനായി അരങ്ങേറി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. യൂണിറ്റിയുടെ ആദ്യ മത്സരത്തിൽ ന്യൂയോർക്ക് വാരിയേഴ്സിനോടു ആറു റൺസിന്റെ തോൽവി ടീം വഴങ്ങി. പത്ത് ഓവറായി നടക്കുന്ന മത്സരത്തിൽ ഒരു ഓവർ മാത്രമാണു ശ്രീശാന്ത് പന്തെറിഞ്ഞത്. മൂന്ന് സിക്സ് ഉൾപ്പെടെ 19 റൺസ് താരം വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചുമില്ല.

മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ് യൂണിറ്റി ടീമിന്റെ ക്യാപ്റ്റൻ. ഇന്ത്യൻ താരങ്ങളായിരുന്ന പാർഥിവ് പട്ടേല്‍, മൻവീന്ദർ ബി‍സ്‍ല, രാഹുൽ ശർമ എന്നിവരും യൂണിറ്റിയിൽ കളിക്കുന്നുണ്ട്. പാക്കിസ്ഥാൻ മുൻതാരം മിസ്ബ ഉൾ ഹഖാണു ന്യൂയോർക്കിനെ നയിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ന്യൂയോർക്ക് വാരിയേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. റിച്ചഡ് ലെവി അര്‍ധ സെഞ്ചറി നേടി. 25 പന്തുകൾ നേരിട്ട താരം 66 റൺസാണു നേടിയത്.

125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന യൂണിറ്റിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനേ സാധിച്ചുള്ളൂ. 12 പന്തിൽ 35 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഓബസ് പെനാറാണ് യൂണിറ്റിയുടെ ടോപ് സ്കോറർ. ശനിയാഴ്ച ന്യൂജഴ്സി ട്രിറ്റൻസിനെതിരെയാണ് യൂണിറ്റിയുടെ അടുത്ത മത്സരം.

 

Top