ഇന്ത്യയിൽ ജനിച്ചതിന് നന്ദി: സച്ചിന് പിന്തുണയുമായി ശ്രീശാന്ത്

കൊച്ചി: കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത്.

“ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും”ശ്രീശാന്ത് വ്യക്തമാക്കി. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായിഎത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്.

ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്റെ സമൂഹമാധ്യമ പേജുകളിൽ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു.

സച്ചിന്റെ ട്വീറ്റിന് ചുവടുപിടിച്ചു നിരവധിപേർ സമൂഹമാധ്യമങ്ങളിൽ എത്തിയെങ്കിലും ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

Top