ലോങ്ജമ്പില്‍ ശ്രീശങ്കര്‍ ഫൈനല്‍ കാണാതെ പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ലോങ്ജമ്പില്‍ ഫൈനല്‍ കാണാതെ മലയാളി താരം ശ്രീശങ്കര്‍ പുറത്ത്. 15 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയില്‍ ശ്രീശങ്കറിന് 13-ാം സ്ഥാനമാണ്. 7.69 മീറ്റര്‍ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക്.

തന്റെ ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റര്‍ താണ്ടിയത്. രണ്ടും മൂന്നും ശ്രമങ്ങളില്‍ യഥാക്രമം 7.51 മീറ്ററും 7.43 മീറ്ററുമായിരുന്നു ദൂരം.

ഈ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ ദൂരം താണ്ടിയാണ് ഒളിമ്പിക്സിന് ശ്രീശങ്കര്‍ യോഗ്യത നേടിയത്. 2018 സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.20 മീറ്ററും ശ്രീശങ്കര്‍ കണ്ടെത്തിയിട്ടുണ്ട്.

 

Top