കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീരാമലു

sree

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ബി.ശ്രീരാമലു. ബദാമി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണ് ശ്രീരാമലു മത്സരിക്കുന്നത്. കാവി നിറമുള്ള വസ്ത്രം ധരിച്ച അദ്ദേഹം മഞ്ഞള്‍ തേച്ച പശുവിന് മേല്‍ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ വിഭാഗത്തിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് ബദാമി. ശ്രീരാമലു ഉള്‍പ്പെട്ട വിവാദമായ കൈക്കൂലി ചര്‍ച്ചയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തുകയും ചെയ്തിരുന്നു.

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ചിലയിടത്ത് മതേതര ജനതാദളുമായി ത്രികോണ മത്സരമുണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്.

Top