മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസ് ഒത്തുകളിച്ചോ? ആരോപണങ്ങള്‍ ശക്തമാകുന്നു!

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന തരത്തില്‍ ആരോപണങ്ങള്‍ ശക്തമാകുന്നു.

അപകടമുണ്ടായി ഒരു മരണമുണ്ടാകുമ്പോള്‍ ചെയ്യേണ്ടതായ നടപടിക്രമങ്ങള്‍ ഒന്നും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി അന്വേഷണം ദ്രുതഗതിയിലാക്കിയത്.

അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കി.

തുടര്‍ന്നാണ്, മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കയും ചെയ്തു.

അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.

Top