കോടതിയില്‍ ഹാജരാകാന്‍ ശ്രീറാമിനും വഫാ ഫിറോസിനും നോട്ടീസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസിനും നോട്ടീസ്. ഫെബ്രുവരി 24ന് ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ ശ്രീറാമിനെ ഒന്നാം പ്രതിയും ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഇപ്പോഴും തുടരുകയാണ്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീര്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപം പബ്ലിക് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്.

റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ബൈക്കിനു പിറകില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിതവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.

Top