ശ്രീറാമിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്; രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം

തിരുവന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണം. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ ശ്രീറാം സസ്‌പെന്‍ഷനിലാണ്. ഇതു തുടരുന്നതിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്.അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി ശ്രീറാമിനെ വകുപ്പു തല നടപടിയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ സമയബന്ധിതമായി രക്തസാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് തയാറായില്ല. ശ്രീറാം മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Top