ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, മൂലവിഗ്രഹത്തിന് കേടുപാടുകളുണ്ടോയെന്ന് പരിശോധന ഇന്ന്

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന് കേടുപാടുകളുണ്ടോ എന്ന് ഇന്ന് വിദഗ്ദ്ധ പരിശോധന നടത്തും.

ഇതു സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് അമിക്കസ് ക്യുറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. രാവിലെ 11 മണിക്കാണ് പരിശോധന. ഇതിനായി പുറത്തുനിന്നുള്ള തന്ത്രിമാരും എത്തും.

വേദപറമ്പില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ചെറുവള്ളി സനല്‍ ഈശ്വരന്‍, എഴുന്തോളില്‍ സതീഷ് നമ്പൂതിരിപ്പാട് എന്നീ തന്ത്രിമാരും വാസ്തുശാസ്ത്ര വിദഗ്ദ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും പങ്കെടുക്കും. ഇവരെ കൂടാതെ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ സതീശ് നമ്പൂതിരിപ്പാട്, കേസിലെ പരാതിക്കാരനായ ടി. കെ. അനന്തപദ്മനാഭന്‍, എതിര്‍കക്ഷികളുടെ പ്രതിനിധികളായ രാജകുടുംബാംഗങ്ങള്‍, പ്രിസര്‍വേഷന്‍ കമ്മിറ്രി അംഗങ്ങളായ ഡോ. എം.വി.നായര്‍, ആര്‍ക്കിടെക്റ്റ് സതീഷ് ആനന്ദ്, ആര്‍ക്കിയോളജിസ്റ്റ് രാമമൂര്‍ത്തി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.രതീഷ്, ഭരണ സമിതി ചെയര്‍മാന്‍ ഹരിപാല്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടാകും.

ഇന്നലെ അമിക്കസ് ക്യൂറിയുടെ സാന്നിദ്ധ്യത്തില്‍ താജ് ഹോട്ടലില്‍ ചേര്‍ന്ന പ്രിസര്‍വേഷന്‍ കമ്മിറ്റി യോഗം ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കില്‍ അമിക്കസ് ക്യൂറി അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.

ഗോപാല്‍സുബ്രഹ്മണ്യം ഇന്നലെ രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. ബി. നിലവറ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തന്ത്രിയുടെ അഭിപ്രായവും അദ്ദേഹം തേടും.

Top