sreepadmanabha swami-temple-entry-with-churidar

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ട് പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല. ഉത്തരവിനെതിരെ എതിര്‍പ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തെതിയതിനെത്തുടര്‍ന്നാണിത്.

ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയവരെ സംഘടനാ ഭാരവാഹികള്‍ തടഞ്ഞു. സ്ത്രീകളെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ നിലപാടെടുത്തു.

ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടുമെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് അറിയിച്ചു. ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്തത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിക്കൊണ്ട് ചൊവ്വാഴ്ചയാണ് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് ഉത്തരവിട്ടത്.

ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തീരുമാനം ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവില്‍ അറിയിച്ചിരുന്നു.

ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു. ഇതിനെതിരെ റിയാ രാജി എന്നയാളാണ് കോടതിയെ സമീപിച്ചത്.

റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.

Top