മോൻസന് എതിരെ പരാതി നൽകിയ രണ്ടു പേരും ഫ്രോഡുകളെന്ന് ശ്രീനിവാസൻ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും, ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

താനറിയാതെ ആശുപത്രിയിലെ പണവും നല്‍കി. മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

മാത്രമല്ല, മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസന്‍ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാള്‍. പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

അതേസമയം, പുരാവസ്തു വില്‍പന തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ വഞ്ചിക്കാന്‍ നിര്‍മിച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖയെന്ന് റിപ്പോര്‍ട്ട് വന്നു. റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Top