ശ്രീനിവാസൻ കൊലക്കേസ്; എൻഐഎ സംഘം മേലാമുറിയിൽ തെളിവെടുപ്പ് നടത്തി

പാലക്കാട് : ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊലക്കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. പാലക്കാട് മേലാമുറിയിലെത്തിയ സംഘം കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. മൂന്ന് തവണയായി പാലക്കാട് എത്തി പ്രാഥമിക വിവരശേഖരണം നടത്തിയ എൻഐഎ സംഘം ആദ്യമായാണ് മേലാമുറിയിലെത്തുന്നത്. കൊലപാതകം നടന്ന കടമുറി പരിശോധിച്ചു. പുതുപ്പള്ളിത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലും സംഘമെത്തി.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിൽ നിന്നും എൻഐഎ സംഘം കേസ് ഫയലുകൾ കൈപ്പറ്റിയിരുന്നു. മുമ്പ് എൻഐഎ ഉദ്യോഗസ്ഥർ, പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൌഫുമായി ശ്രീനിവാസൻ കൊലക്കേസ് ഗൂഢാലോചന നടന്ന ജില്ലാ ആശുപത്രി പരിസരത്ത് തെളിവെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിൽ നിന്നാണ് ശ്രീനിവാസനെ വെട്ടിക്കൊല്ലാൻ തീരുമാനിച്ചത്. ഇക്കാരണത്താൽ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായ സംഭവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയത്. കേസിൽ ഇതുവരെ പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കം എൻഐഎയുടെ തുടർനടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കാം.

Top