ദിലീപ് മണ്ടത്തരം കാണിക്കില്ല; നിരപരാധിത്വം കാലം തെളിയിക്കുമെന്ന് നടന്‍ ശ്രീനിവാസന്‍

sreenivasan

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്.

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും, അതിനാല്‍ തന്നെ അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പിന്തുണച്ച് നേരത്തേയും ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു.

അതേസമയം, ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് അന്വേഷണ സംഘം ആരോപിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ശേഷമാണ് എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന ഇറക്കിയത്.

Top