ശാസ്ത്രീയ പരിശോധന നിർണ്ണായകം, പൊലീസിനെ പേടിച്ച് സിനിമാതാരങ്ങൾ !

ലയാള സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് തയ്യാറെടുക്കുന്നു. മുന്‍ പൊലീസ് മേധാവി ഇടപെട്ട് മരവിപ്പിച്ച അന്വേഷണത്തിനാണ് ഇതോടെ ജീവന്‍ വയ്ക്കുന്നത്. യുവ സൂപ്പര്‍ താരങ്ങളും സംവിധായകരും മുതല്‍ പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ ലഹരി ഉപയോത്തില്‍ മുന്‍പന്തിയിലാണെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രത്യേക അന്വേഷണ സംഘം ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ അന്ന് റെയ്ഡ് നടത്താന്‍ അനുമതി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ ഈ ഫയല്‍ വീണ്ടും ഓപ്പണ്‍ ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് കൊച്ചി പൊലീസിന് ലഭിക്കുക.

നടന്‍ ശ്രീനാഥ് ഭാസിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ആവശ്യമെങ്കില്‍ മറ്റൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്യാനും പൊലീസിന് സാധിക്കും. അത്തരമൊരു സാഹചര്യത്തില്‍ മയക്കു മരുന്ന് ഉപയോഗിച്ചവര്‍ മാത്രമല്ല അത് നല്‍കിയവരും, ഇടനിലക്കാരും ഉള്‍പ്പെടെ പെടും. ശ്രീനാഥ് ഭാസിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പൊലീസ് നിലവില്‍ പരിശോധിച്ചു വരികയാണ്. തുടര്‍ നടപടികള്‍ എല്ലാം താരത്തിന്റെ മുടിയുടെയും നഖത്തിന്റെയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും.

അവതാരകയെ തെറിവിളിച്ചത് സ്വബോധത്തോടെയല്ലന്ന നിഗമനത്തില്‍ മാത്രമല്ല ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ കേസിനും അപ്പുറമുള്ള ശക്തമായ നടപടിയിലേക്ക് പൊലീസ് നീങ്ങിയിരിക്കുന്നത്. തെറി വിളിച്ചത് ജാമ്യം കിട്ടുന്ന കേസായത് കൊണ്ടാണ് വിട്ടയച്ചത്. എന്നാല്‍ ലഹരി മാഫിയ ബന്ധം ഉണ്ടെന്ന് തെളിഞ്ഞാല്‍ ശ്രീനാഥ് ഭാസിക്കും അകത്ത് കിടക്കേണ്ടി വരും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് താരം പൊട്ടിക്കരഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്. കൊച്ചി നഗരത്തിലെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് നിലവില്‍ പൊലീസ് സ്വീകരിച്ചു വരുന്നത്. നഗരത്തിലെ ലഹരി മരുന്നു വ്യാപാരത്തിനു ചുക്കാന്‍ പിടിക്കുന്ന രാജ്യാന്തര സംഘത്തലവനായ നൈജീരിയന്‍ സ്വദേശിയെ ബംഗ്ലുരുവില്‍ പോയി അറസ്റ്റ് ചെയ്ത സി.ഐ സനല്‍കുമാര്‍ തന്നെയാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസും അന്വേഷിക്കുന്നത്. അതായത് ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലന്ന് വ്യക്തം.

ഏറെ നാളായി സിറ്റി പൊലീസിനെ വലയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണി ഒക്കാഫോര്‍ എസേ ഇമ്മാനുവലിനെ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ഐ സനല്‍കുമാറും സംഘവും രഹസ്യ ഓപ്പറേഷനിലൂടെ പിടികൂടിയിരുന്നത്. ലഹരി മാഫിയ സംഘം ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎ ആയിരുന്നു.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ലിങ്ക് റോഡില്‍ ഇരുചക്ര വാഹനത്തില്‍നിന്നും മയക്കുമരുന്ന് പിടികൂടിയതാണ് വന്‍ ലഹരി മരുന്നു സംഘത്തെ പിടികൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നത്. ഇതു സംബന്ധമായി നിരവധി പേരെയാണ് സനല്‍കുമാറും സംഘവും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.

കേരളത്തിലെ കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിട്ടും നൈജീരിയന്‍ സ്വദേശിയായ സംഘത്തലവനെ പിടിക്കാനായത് കൊച്ചി പൊലീസിന്റെ മിടുക്കാണ്. ബംഗ്ലുരുവില്‍ വച്ച് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പൊലീസ് സംഘം സിനിമാ മേഖലയിലും പിടിമുറുക്കിയാല്‍ പല താരങ്ങളുടെയും മുഖമൂടിയാണ് അഴിഞ്ഞു വീഴുക. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ലഹരി ഉപയോഗം മലയാള സിനിമയില്‍ വളരെ കൂടുതലാണ്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ലഹരി അടിച്ച് അഭിനയിച്ച് കയ്യടി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. സിയാദ് കോക്കറിന്റെ പ്രതികരണത്തില്‍ മലയാള സിനിമ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

മയക്കുമരുന്ന് കേസില്‍പ്പെട്ട് അകത്തായ ഒരു യുവതാരം അനുഭവിച്ചിട്ടും പഠിച്ചിട്ടില്ല. ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന ആരോപണവും ശക്തമാണ്. ഈ താരത്തിന്റെ ചില മീഡിയ ഇന്റര്‍വ്യൂവിലെ പ്രകടനം മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണങ്ങളും വിവാദമായത്. അവതാരക പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ മറ്റൊരു അവതാരകനെ ശ്രീനാഥ് ഭാസി പച്ചതെറി വിളിക്കുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥത്തില്‍ ശ്രീനാഥ് ഭാസിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇതെല്ലാം ഭാസി ചെയ്യുന്നത് നല്ല ബോധത്തിലല്ല എന്നതാണ് പൊലീസിന്റെ വിലയിരുത്തല്‍. അതു കൊണ്ട് തന്നെയാണ് നഖവും മുടിയും പരിശോധിക്കാന്‍ അയച്ചിരിക്കുന്നത്. പൊലീസിന്റെ ഈ നടപടി ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകരെ പരിഭ്രാന്തരാക്കുന്നതാണ്.


EXPRESS KERALA VIEW

Top