Sreelekha IPS fight with government

തിരുവനന്തപുരം: എഡിജിപി ശ്രീലേഖയും ആഭ്യന്തര വകുപ്പിനോട് ഉടക്കി.

അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീലേഖയ്ക്ക് അവര്‍ നേരത്തെയിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പദവിക്ക് പകരം അപ്രധാനമായ സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ (SCRB) യുടെ ചുമതല നല്‍കുള്ള തീരുമാനമാണ് ഉടക്കിനിടയാക്കിയത്.

ആഭ്യന്തര വകുപ്പിന്റെ ഇക്കാര്യത്തിലുള്ള തീരുമാനത്തില്‍ തനിക്കുള്ള അതൃപ്തി ശ്രീലേഖ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അവര്‍ക്ക് മറ്റേതെങ്കിലും തസ്തിക നല്‍കി വിവാദമുണ്ടാക്കാതെ തലയൂരാനാണ് സര്‍ക്കാര്‍ ശ്രമം.

എഡിജിപി അനില്‍കാന്ത് ഏറെക്കാലം ചുമതല വഹിച്ചിരുന്ന സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ (SCRB) തലപ്പത്തിരിക്കാന്‍ ശ്രീലേഖ കാട്ടിയ വിമുഖത ഐപിഎസ് ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

അനില്‍കാന്ത് ഒരു പരാതിയും പറയാതിരുന്ന തസ്തികയോട് കാണിക്കുന്ന വിമുഖത ശരിയായ നടപടിയല്ലെന്നാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിയമനം മാറ്റിനല്‍കുന്നതിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ നീരസമുണ്ട്. നിരവധി ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു കാരണവുമില്ലാതെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയതിനെതിരെ ഐപിഎസ് അസോസിയേഷന്‍ തന്നെ നേരിട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ഏകാംഗ പ്രതിഷേധത്തിന് മുന്നില്‍ വഴങ്ങുന്നത് ശരിയല്ലെന്ന അഭിപ്രായമാണവര്‍ക്ക്.

അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ എഡിജിപിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഡിജിപിമാരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്ങ് എന്നിവര്‍ ഉടക്കിയ സാഹചര്യത്തില്‍ വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടാകണ്ടെന്നു കരുതിയാണ് ശ്രീലേഖയ്ക്ക് പകരം നിയമനം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Top