ശ്രീലങ്കന്‍ സ്‌ഫോടനം: നാല് ജെഡിഎസ് നേതാക്കള്‍ കൂടി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ കര്‍ണാടകയില്‍ നിന്നുള്ള അഞ്ച് ജെഡിഎസ് പ്രവര്‍ത്തകരില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഏഴംഗ സംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അവധി ആഘോഷിക്കാന്‍ പോയതാണ് നെലമംഗല, ഹൂട്ടനഹള്ളി മേഖലകളിലെ പ്രാദേശിക
നേതാക്കളെന്നാണ് വിവരം. ബോംബ് സ്ഫോടനമുണ്ടായ ഷാംഗ്രി ലാ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീലങ്കയില്‍ സ്ഫോടനം നടന്നതിന് ശേഷം ഇവര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.

അതേസമയം ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ മരണം 290 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസര്‍കോട് സ്വദേശിനിയായ റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.

Top