ലങ്കൻ ഭീകരാക്രമണത്തെ ആയുധമാക്കി ഇന്ത്യയിൽ ബി.ജെ.പിയുടെ പ്രചാരണം . . .

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണവും വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഉത്തരേന്ത്യയില്‍ ഈ വിഷയം ഉന്നയിക്കുന്നത്. വരും ദിവസങ്ങളില്‍ ശ്രീലങ്കന്‍ സ്‌ഫോടനം കൂടുതല്‍ ശക്തമായ ക്യാംപെയിനായി ഉയര്‍ത്തി കൊണ്ടുവരാനാണ് സംഘപരിവാര്‍ തീരുമാനം.

ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ പോലും മരണം വിതറിയ ഭീകരത ഇന്ത്യന്‍ മണ്ണിലേക്ക് കയറാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും, നരേന്ദ്ര മോദി സര്‍ക്കാറിനേ അത് സാധ്യമാകൂ എന്നുമാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.

ശ്രീലങ്കന്‍ സ്‌ഫോടനത്തോടെ വീണ്ടും പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ചയായിട്ടുണ്ട്. ഭീകരതയെ അവരുടെ താവളത്തില്‍ ചെന്ന് നശിപ്പിക്കുന്ന ഇന്ത്യന്‍ പ്രത്യാക്രമണങ്ങളും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. രാജ്യം നേരിടുന്ന വലിയ ഭീഷണി ഭീകരതയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി വികാരം അനുകൂലമാക്കാനാണ് ശ്രമം.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനം ഇന്ത്യയില്‍ വലിയ രൂപത്തിലാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാതിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശവും കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

വന്‍ തോതിലുള്ള തിരച്ചില്‍ തീരദേശസേനയുടെ നേത്യത്വത്തിലും ഇപ്പോള്‍ നടക്കുന്നുണ്ട്. കേരള, തമിഴ് നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി ശ്രീലങ്കയിലെ പള്ളികളില്‍ എത്തിയ നിരവധി ജീവനുകളാണ് സ്‌ഫോടനത്തില്‍ പൊലിഞ്ഞത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമടക്കം എട്ടിടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ 310ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്നിപ്പോള്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടുകയും സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നേരത്തെ സൂചന നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. ഇക്കാര്യവും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ മികവാണ് കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ വഴിയൊരുക്കിയിരുന്നത്. യഥാസമയം, ശ്രീലങ്ക മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു എങ്കില്‍ ഈ ഭീകരാക്രമണം തടയാമായിരുന്നു എന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്. ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പാളിച്ച പറ്റുകയായിരുന്നു.

പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങളാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി കൈമാറിയിരുന്നത്.

അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ ശ്രീലങ്കന്‍ സുരക്ഷ സേനകള്‍ക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഭീകരാക്രമണമുണ്ടായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്നും ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്.

ഭീകരതയെ തരിപ്പണമാക്കാന്‍ എന്തു സഹായവും ശ്രീലങ്കക്ക് നല്‍കാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ പുണരുന്ന ചൈനയെ നമ്പിയത് കൊണ്ട് കാര്യമില്ലെന്ന സന്ദേശവും ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ വര്‍ദ്ധിച്ച് വരുന്ന ചൈനീസ് സ്വാധീനത്തിന് വിലങ്ങ് തടിയിടാന്‍ ഇപ്പോഴത്തെ സംഭവങ്ങളെ ഇന്ത്യ ഉപയോഗപ്പെടുത്തുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ പൂര്‍ണ്ണ സഹകരണം ഇല്ലാതെ മുന്നാട്ട് പോകുക ശ്രീലങ്കയെ സംബന്ധിച്ച് ഏറെ ദുഷ്‌ക്കരമാണ്. മുന്‍ ഭരണാധികാരി രാജപക്ഷെയുടെ കാലത്താണ് ചൈന ശ്രീലങ്കയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമം ശക്തമാക്കിയത്.

രാജപക്ഷെയുടെ ചൈനീസ് അനുകൂല നിലപാടുകള്‍ ഇന്ത്യയെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ തുറമുഖം ചൈന ഉപയോഗപ്പെടുത്തുമെന്നതാണ് ആശങ്കക്ക് കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ നാവിക സേനയെ വിന്യസിച്ചാണ് ചൈനീസ് നീക്കങ്ങളെ ഇന്ത്യ ഇപ്പോള്‍ നിരീക്ഷിച്ച് വരുന്നത്.

അതേസമയം, ഭീകര ആക്രമണത്തിലൂടെ ശ്രീലങ്കയിലെ ഇപ്പോഴത്തെ പൊതുവികാരം മുഴുവന്‍ ഭീകരതക്കും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കും എതിരായിരിക്കുകയാണ്. ചൈനയെ ഏറെ പ്രതിരോധത്തിലാക്കുന്ന വികാരമാണിത്.

Top