ശ്രീലങ്കയിലേക്ക് മാറി അയച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കൊച്ചി: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂര്‍ സ്വദേശിയായ റഫീഖിന്റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ശ്രീലങ്കയിലേക്ക് അയച്ചത്.

പകരം പത്തനംതിട്ടയിലെത്തിയത് ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ആയിരുന്നു. സംസ്‌കാരച്ചടങ്ങിനായി ശരീരം പുറത്ത് എടുത്തപ്പോഴാണ് പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വെച്ച് പെട്ടി തമ്മില്‍ മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയില്‍ എത്തിച്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top