കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് ശ്രീലങ്ക

ശ്രീലങ്കയില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികള്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ നിര്‍ദേശം നേരത്തെ ഭരണകക്ഷിയായ എസ്എല്‍പിപിയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായി നിയമ ഭേദഗതി വരുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കശാപ്പു മൂലം പരമ്പരാഗത കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് കാബിനറ്റ് അംഗീകരിച്ച കുറിപ്പില്‍ പറയുന്നു. ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാവുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതയ്ക്കു നേട്ടമുണ്ടാക്കും. ക്ഷീര ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു.

Top