ശ്രീലങ്കന്‍ സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കൊളംമ്പോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നിരിക്കുന്നത്.

സ്‌ഫോടനം നടത്തിയത് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടാണെന്നാണ് ഐഎസിന്റെ വിശദീകരണം. അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐഎസിന്റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Top