‘മലയാളികള്‍ക്ക് ശ്രീലക്ഷ്മി അഭിമാനം’, കഠിന പ്രയത്‌നത്തിന്റെ ഫലം കാണാന്‍ അച്ഛന്‍ ഇല്ല!

തിരുവനന്തപുരം: റോള്‍ബോള്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്ക് തലസ്ഥാനത്ത് ആവേശോജ്വല സ്വീകരണം നല്‍കി സഹപാഠികളും സുഹൃത്തുക്കളും. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കെനിയയോട് തോറ്റെങ്കിലും അസാധ്യ പ്രകടനമായിരുന്നു ശ്രീലക്ഷ്മി കാഴ്ചവെച്ചത്.

എന്നാല്‍ പുറത്ത് സന്തോഷം ഉണ്ടെങ്കിലും ഉള്ളില്‍ വലിയൊരു വിഷമം കൊണ്ടു നടക്കുകയാണ് ഈ പൊണ്‍കുട്ടി. മകള്‍ മികച്ചൊരു കായികതാരമാകുന്നത് കാണാന്‍ കൊതിച്ച അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തു ശ്രീലക്ഷ്മി. എന്നാല്‍ ആ ഭാഗ്യം കാണാന്‍ അച്ഛന്‍ ഈ ഭൂമിയില്‍ ഇല്ല. അച്ഛന്‍ മരണപ്പെട്ട് 14ാം ദിവസമാണ് ശ്രീലക്ഷ്മി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി താരമാണ് ശ്രീലക്ഷ്മി. സംസ്ഥാനത്തെ പ്രമുഖ റോളര്‍ സ്‌കേറ്റിങ് പരിശീലകനായ എ നാസറാണ് ശ്രീലക്ഷ്മിയുടെ ഗുരു. 2008 മുതല്‍ കഠിനമായി പരിശ്രമിച്ചാണ് ശ്രീലക്ഷ്മി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.

ചെന്നൈയില്‍ ഈ മാസം 15ന് ആരംഭിച്ച ലോകകപ്പില്‍ 17 രാജ്യങ്ങളാണ് മത്സരിച്ചത്. ഇന്നലെ നടന്ന ഫൈനലില്‍ ഇന്ത്യ കെനിയയോട് പരാജപ്പെട്ടു. എന്നാല്‍ കാലില്‍ ചക്രവും, കൈയ്യില്‍ ബോളുമേന്തി കുതിച്ച ശ്രീലക്ഷ്മിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

തിരുവനന്തപുരം കല്ലയം സ്വദേശിയായ ഈ പത്തൊമ്പതുകാരി മണക്കാട് നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സഹപാഠികളും, സുഹൃത്തുക്കളും അധ്യാപകരും, സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും ശ്രീലക്ഷ്മിയെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.

ബാസ്‌ക്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, റോളര്‍ സ്പോര്‍ട്ട് എന്നിവയുടെ സങ്കര രൂപമാണ് റോള്‍ ബോള്‍.

Top