ആ ദിവസം ദയവായി നല്ലത് മാത്രം പ്രവര്‍ത്തിക്കൂ, അത് നാടിന് വേണ്ടിയാണ്!

പ്രധാനമന്ത്രിയെ പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രംഗത്ത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് മോദി ആഹ്വാനം ചെയ്തതിനെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ കര്‍ഫ്യൂ അനുഷ്ടിക്കണമെന്നും അദ്ദേഹം പറയുന്നു. അതേസമയം, പ്രാധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തും പ്രതികൂലിച്ചും നേരത്തെ നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരുന്നത്. മുഖ്യമന്ത്രി ഉപജീവനത്തിന് വഴിയൊരുക്കുമ്പോള്‍ പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വിമര്‍ശിച്ചിരുന്നു. അതിനിടയിലാണ് ശ്രീകുമാരന്‍ തമ്പി ഫെയ്‌സ് ബുക്കിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്..

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ ജനതാ കര്‍ഫ്യു’ വിനു പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. നമ്മള്‍ കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. ‘ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ‘ എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു

Top