‘മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരത്തില്‍’; ശ്രീകുമാരന്‍ തമ്പി

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽക്കേ പ്രേക്ഷകശ്രദ്ധയിൽ ഇടംപിടിച്ചിരുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. തിയറ്ററുകളിലെത്തിയപ്പോൾ ആ പ്രതീക്ഷ കാക്കുകയും ചെയ്തു ലിജോ. ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രത്തിന്റെ കേരളത്തിലെ തിയറ്റർ റിലീസ് ജനുവരി 19 ന് ആയിരുന്നു. റിലീസ് ദിനം മുതൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ സജീവ ചർച്ചകളിൽ ഉണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ ശ്രീകുമാരൻ തമ്പി. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അന്തർദേശീയ നിലവാരത്തിലാണെന്ന് പറയുന്നു അദ്ദേഹം.

നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം, ശ്രീകുമാരൻ തമ്പി സമൂഹമാധ്യമത്തിൽ കുറിച്ചു.

Top