ഷെട്ടി പിൻമാറി, രണ്ടാമൂഴം നിർമ്മിക്കാൻ ശ്രീകുമാരമേനോന് പുതിയ നിർമ്മാതാവ് !

കൊച്ചി: വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതത്തിന് പുതിയ നിര്‍മ്മാതാവെന്ന് സൂചന. അഭയകേസ്, ജിഷകേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് നിര്‍മ്മാതാവിനെ സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പിന്മാറി. അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രവും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മഹാഭാരതം.

സിംഗപ്പൂരിലും ഹൈദരാബാദിലും നിരവധി ബിസിനസുകളുള്ള മലയാളിയാണ് ഡോ.എസ്.കെ നാരായണന്‍. മഹാഭാരതം നിര്‍മ്മിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എസ്. കെ നാരായണന്‍ തന്റെ അടുത്ത സുഹൃത്താണെന്നും വര്‍ക്കലയില്‍ വച്ചായിരുന്നു ശ്രീകുമാര്‍ മേനോനുമായുള്ള ചര്‍ച്ചയെന്നും വൈകാതെ കരാറില്‍ ഒപ്പിടുമെന്നും ജോമോന്‍ വ്യക്തമാക്കി.

എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നപക്ഷം മധ്യസ്ഥനെ നിയോഗിക്കുകയാണ് നിയമപരമായ വഴിയെന്നും ജോമോന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സംവിധായകന്‍ കരാര്‍ ലംഘിച്ചുവെന്ന് കാട്ടി എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

Top