കുറുപ്പിലൂടെ ദുൽഖർ സൂപ്പർസ്റ്റാറായി; ശ്രീകുമാരമേനോൻ

കൊച്ചി: ദുൽഖർ സൽമാനേയും കുറുപ്പ് സിനിമയുടെ സാങ്കേതിക പ്രവർത്തകരെയും വാനോളം പുകഴ്ത്തി സംവിധായകൻ ശ്രീകുമാര മേനോൻ രംഗത്ത്. ലോകോത്തര സിനിമകളോടും വെബ് സീരിസിനോടും കിടപിടിക്കുന്ന മേക്കിങ് സ്റ്റൈൽ ആണ് ‘കുറുപ്പി’ന്റേതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ദുൽഖർ സൂപ്പർ താര പദവിയിലെത്തിയതായും അഭിപ്രായപ്പെട്ടു.

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ :-

ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയിൽ #കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെർഫോമൻസിലുമെല്ലാം ഒരു ഇന്റർനാഷണൽ ത്രില്ലറിന്റെ സ്വഭാവം പുലർത്താൻ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്ളാറ്റ്ഫോമിന്റെ സാധ്യതയിൽ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്റ്റൈലും വാല്യൂസും അനുഭവിക്കാൻ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാൽ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസിൽ പറഞ്ഞു. കുറുപ്പത് സ്ക്രീനിൽ കാണിച്ചു തന്നു.

ദുൽഖർ അതിഗംഭീര പെർഫോമൻസാണ്. ആക്ടർ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുൽഖറിന്റെ പരിണാമമാണ് കുറുപ്പ്.രാജാവിന്റെ മകൻ ലാലേട്ടന് എന്തു ചെയ്തോ, ദുൽഖറിനത് ‘കുറുപ്പ്’ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഷിൻ ശ്യാമിന്റെ സംഗീതം ഗ്ലോബലാണ്. അത്യുജ്ജലമാണ് ഷൈൻ ടോം ചാക്കോ. വല്ലാതെ ഭയപ്പെടുത്തുന്ന വില്ലൻ. ഷൈൻ നമ്മെ കൂടുതൽ അമ്പരപ്പിക്കും കഥാപാത്രങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും!

ബംഗ്ലന്റെ പ്രൊഡക്ഷൻ ഡിസൈൻ സത്യസന്ധമായ ഫീൽ സിനിമയ്ക്ക് നൽകുന്നു. സ്വഭാവികത സൃഷ്ടിക്കുന്ന സത്യസന്ധമായ നിറങ്ങൾ. ആക്ച്വൽ ലൊക്കേഷനില്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാൽ യഥാർത്ഥം എന്ന ഫീൽ കാഴ്ചയിലുടനീളം നൽകുന്നത് ബംഗ്ലന്റെ മിടുക്കാണ്. അടുത്ത സാബു സിറിളാണ് ബംഗ്ലൻ!

കഥയുടെ മർമ്മം അറിഞ്ഞുള്ള വിവേക് ഹർഷന്റെ ഷാർപ്പ് എഡിറ്റിങ്. സംവിധായകൻ ശ്രീനാഥ് ഒരുപാട് റിസർച്ച് ചെയ്തിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷൻ ചെയ്തിട്ടുണ്ടെന്നും സിനിമ കണ്ടാൽ മനസിലാകും. കാരണം എളുപ്പമല്ല, ഇങ്ങനെ ഒരു കഥ വർക്ക് ചെയ്യാൻ. ആളുകളുടെ മനസിൽ വാർത്തകളിലൂടെയും കേട്ടുകേൾവികളിലൂടെയും പലരീതിയിൽ പതിഞ്ഞ ഒരു കഥയാണ്. വിശ്വാസയോഗ്യമായി ആ കഥ അവതരിപ്പിക്കൽ അത്ര എളുപ്പമല്ല. റിസർച്ചിന്റെ അത്യുത്സാഹം സംവിധാനത്തിൽ കാണുന്നുണ്ട്. എല്ലാ ഫിലിം മേക്കേഴ്സിനും ഒരുകാര്യം കുറുപ്പ് പറഞ്ഞു തരുന്നുണ്ട്, അധികമായ റിസർച്ചും തളരാത്ത പ്രീപ്രൊഡക്ഷനും അളവില്ലാത്ത തയ്യാറെടുപ്പുകളും അത്യുഗ്രൻ സിനമയേ സംഭവിപ്പിക്കു!

കുറുപ്പിന്റെ ഗ്ലോബൽ മാർക്കറ്റിങ്ങും ഇന്നവേറ്റീവായ പബ്ലിക് റിലേഷൻ രീതികളും മലയാള സിനിമയെ ലോക സിനിമ ലാൻഡ്സ്കേപ്പിൽ കൊണ്ടുപോകാൻ നമുക്കുള്ള ആഗ്രഹം നിറവേറ്റി. പാൻഇന്ത്യ- ഗ്ലോബൽ ശ്രദ്ധ കുറുപ്പിന് ലഭിച്ചത് മലയാള സിനിമയുടെ നല്ല നാളെയാണ്. ശുഭ വാർത്തയാണ്. ദേശീയ- അന്തർദേശീയ മാർക്കറ്റിൽ ത്രില്ലടിപ്പിക്കുന്ന വിജയങ്ങൾ ഇനിയും കുറിക്കാനാവട്ടെ.

കുറുപ്പിന്റെ കണക്ക് പുസ്തകം ചരിത്രമാകും; ഉറപ്പ്.

സന്തോഷം ദുൽഖർ, ഈ വലിയ ശ്രമത്തിന് ഇന്ധനം പകർന്നതിന്. സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിച്ചതിന്. സിനിമ കഴിഞ്ഞ് രാത്രി 12ന് പുറത്തിറങ്ങുമ്പോൾ ലേറ്റ്നൈറ്റ് ഷോയ്ക്കുള്ള തിരക്കായിരുന്നു പുറത്ത്.

Top