ഇന്ന്‌ ശ്രീകൃഷ്ണജയന്തി ; നാടെങ്ങും ഉണ്ണിക്കണ്ണന്മാരുടെ വര്‍ണ്ണശഭളമായ ശോഭായാത്ര

കൊച്ചി: ഭഗവാന്‍ കൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ നാടെങ്ങും വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷം.

സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വമ്പിച്ച ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും.

ആയിരക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും, നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും ഗോപികാനൃത്തങ്ങളും ഉറിയടിയും ശോഭായാത്രയില്‍ അണിനിരക്കും.

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

ബാലന്മാര്‍ ഉണ്ണിക്കണ്ണന്റെ വേഷപ്പകര്‍ച്ചയുമായാണ് ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും സംഘടിപ്പിക്കും.

പതിനായിരം ശോഭായാത്രകളാണ് സംസ്ഥാനത്തൊട്ടാകെ നടക്കുക. കൃഷ്ണന്റെയും, രാധയുടെയും, കംസന്റെയും, യശോദയുടെയും, ദേവകിയുടെയും, വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകള്‍ കേരളത്തെ അമ്പാടിയാക്കും. മഹാനഗരങ്ങളില്‍ നിരവധി ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളാകും.

ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ്.

Top