ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നാണ് വിവരം.

ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ 765 ദിവസമായി നടത്തുന്ന സമരം ദേശീയ ശ്രദ്ധയില്‍ എത്തിയതിനെ തുടര്‍ന്ന് എം.പിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാമെന്ന് മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

പാറശാല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ ഏറ്റെടുക്കണമെന്ന് 2017 ജൂലായില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കിയിരുന്നു.

Top