സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു

sreejith

തിരുവനന്തപുരം: അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്നിരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടന്നും ശ്രീജിത്ത് സൂചിപ്പിച്ചു. സിബിഐക്ക് മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീജിത്ത്.കേസില്‍ ശ്രീജിത്തില്‍ നിന്നും അമ്മ രമണി പ്രമീളയില്‍ നിന്നും സിബിഐ ഇന്ന് മൊഴി എടുത്തിരുന്നു.

അനുജന്‍ ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു. സമരം 765 ദിവസം പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

സമരത്തിന് ജനപിന്തുണയായി ഏറിയതോടെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വീണ്ടും കത്തെഴുതി. ശ്രീജിത്ത് ഹൈക്കോടതിയെയും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നു.

തുടര്‍ന്ന് നേരത്തെ കേസ് അന്വേഷിക്കാന്‍ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നല്‍കി. എന്നാല്‍ കേസ് അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ കേസ് തീര്‍പ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയായിരുന്നു.

Top