വരാപ്പുഴ കസ്റ്റഡി മരണം: പൊലീസ് വ്യാജരേഖ ചമച്ചു എന്ന് വെളിപ്പെടുത്തല്‍

Sreejith's death

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് വ്യാജരേഖ ചമച്ചെന്ന് വെളിപ്പെടുത്തല്‍. പരാതിക്കാരന്റെ മൊഴി രണ്ടാമത് എടുത്തതിലും കള്ളക്കളിയുണ്ടെന്ന് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കാം. രണ്ടാമത്തെ മൊഴി ശ്രീജിത്ത് ആശുപത്രിയിലായ ശേഷം എട്ടാം തിയതിയാണ് രേഖപ്പെടുത്തിയയതാണ്. എന്നാല്‍ മൊഴിയില്‍ തീയതി മാറ്റി ഏഴെന്ന് എഴുതുകയായിരുന്നു.

ആദ്യത്തെ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ വിനീഷ് പറയുന്നു. ആത്മഹത്യ ചെയ്ത വസുദേവന്റെ മകനാണ് വിനീഷ്. സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനെ തിരിച്ചറിഞ്ഞു എന്നതും വിനീഷ് നിഷേധിക്കുന്നു. അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ വച്ച് കണ്ടിട്ടില്ല. ബോബനേയും ശരത്തിനേയും മാത്രമാണ് സ്‌റ്റേഷനില്‍ വെച്ച് കണ്ടതെന്നും വിനീഷ് പറയുന്നു.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പൊലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.

Top