കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയെന്ന്

Sreejith-

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസ് ഇന്റിമേഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയിരുന്നു. വീടിന് സമീപത്ത് വച്ച് സിവില്‍ വേഷത്തിലെത്തിയ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. പോലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ തെളിവ്. ചിത്രത്തില്‍ ശ്രീജിത്തിന് സാരമായ പരിക്കുകളില്ല.

അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തില്‍ ഒരിടത്തുപോലും മര്‍ദ്ദനത്തിന് പാടുകളില്ല. അറസ്റ്റിലായ ആറിന് രാത്രി 11.03ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തിരുന്നു. സിഐയും എസ്‌ഐയും അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മര്‍ദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മരണ കാരണമായ മര്‍ദ്ദനം ആര് നടത്തി എന്നതില്‍ വ്യക്തതയാണ് അന്വേഷണ സംഘം തേടുന്നത്.Related posts

Back to top