കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016ൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. പിന്നീടും ഇയാൾക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയർന്നിരുന്നു.

Top