നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേൽനോട്ടം ശ്രീജിത്തിനല്ല,പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല എസ് ശ്രീജിത്ത് ഐപിഎസിന് അല്ലെന്ന് സർക്കാർ. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന് ആണ് അന്വേഷണ ചുമതല. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന എസ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണത്തിൽ നിന്ന് ശ്രീജിത്തിനെ മാറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹർജിയിൽ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.

ഈ ഹർജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് വ്യക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

Top